ന്യൂഡൽഹി: ട്രംപ് ഭരണകൂടം യുഎസ് വിസ, കുടിയേറ്റ നയങ്ങളിൽ വരുത്തിയ മാറ്റങ്ങളിൽ ഇന്ത്യക്കുള്ള കടുത്ത ആശങ്ക സന്ദർശനത്തിനായി ഡൽഹിയിലെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ഞായറാഴ്ച നടന്ന ഉഭയകക്ഷി ചർച്ചയിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഈ വിഷയം ഉന്നയിച്ചത്.
വിസ, കുടിയേറ്റ സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായുള്ള പരിവർത്തന ഘട്ടത്തിൽ ചില "തടസങ്ങൾ" സ്വാഭാവികമാണെന്ന് മാർക്കോ റൂബിയോ സമ്മതിച്ചു. യുഎസിൽ ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾ രാജ്യം വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങി അവിടെ നിന്ന് അപേക്ഷിക്കണം എന്ന തരത്തിൽ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് കഴിഞ്ഞ ദിവസം പുതിയ നിയമം പ്രഖ്യാപിച്ചിരുന്നു.
പിന്നീട് ഇതിൽ നേരിയ ഇളവുകൾ വരുത്തിയെങ്കിലും, യുഎസിലെ എച്ച്-1ബി വിസക്കാരായ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെ ഇത് ദോഷകരമായി ബാധിക്കും. നിലവിൽ യുഎസിലെ ആകെ എച്ച്-1ബി വിസ അപേക്ഷകരിൽ 71 ശതമാനവും ഇന്ത്യക്കാരാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാതൽ ജനങ്ങൾ തമ്മിലുള്ള സമ്പർക്കമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഓർമിപ്പിച്ചു.
അനധികൃത കുടിയേറ്റം തടയാൻ സഹകരിക്കുമ്പോൾ തന്നെ, ബിസിനസ്, സാങ്കേതികവിദ്യ, ഗവേഷണം എന്നിവയെ ആശ്രയിച്ച് നിയമപരമായി യാത്ര ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകളെ ഈ പുതിയ നയങ്ങൾ പ്രതികൂലമായി ബാധിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുഎസ് കുടിയേറ്റ നയങ്ങളിലെ മാറ്റം ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും ഇത് ആഗോളതലത്തിൽ നടപ്പാക്കുന്നതാണെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി 20 ദശലക്ഷത്തിലധികം ആളുകൾ അനധികൃതമായി യുഎസിലേക്ക് കടന്നതു മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് ഈ അടിയന്തര മാറ്റങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ പരിഷ്കാരങ്ങൾ താത്കാലിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ കാര്യക്ഷമമായ ഒരു സംവിധാനമാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇത് ഭാവിയിൽ യുഎസിലേക്ക് ജോലി ചെയ്യാനും നവീകരണങ്ങൾക്കുമായി എത്തുന്ന ഇന്ത്യക്കാർക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്നും റൂബിയോ കൂട്ടിച്ചേർത്തു.